Sunday, July 24, 2011

ജാലകകാഴ്ചകള്‍

കവിത


ജനവാരിധിയിൽ നിന്നൊഴിഞ്ഞു നഗരപ്രാന്ത -
വനത്തിലെന്‍ വാടകക്കൂട്ടിലിരിക്കവേ
കലാപനാളുകളിലാരോ,യെറിഞ്ഞുടച്ചൊരു
ജാലകപ്പഴുതിലൂടെയാ,കാഴ്ചയൊരു
കണിപോലെ, ഒരമ്പിളിക്കലയുമതിനരികെ-
ശ്രേണിയായൊരുപാട് താരകവൃന്ദങ്ങളും .
എത്ര സുന്ദരമീ രജനിയിലതിലേറെ
മനസ്സിൽ മേടസ്മൃതികളുണർത്തുന്ന
കാഴ്ച്ചകളെത്രെയോ ഗൃഹാതുരം
സാലഭഞ്ജികകൾ സുലഭമീനഗരായനത്തിലും .
നക്ഷത്രച്ചുംബിയാം കടൽ തൊട്ടെത്തിയോര-
നിലൻ ഗഗനചാരിയാം മനസ്സിൽ തലോടിയോ
വർണ്ണങ്ങൾ വിരിയുമെൻ ബാല്യ,മാകാശ സീമകളിൽ
'വിത്തും കൈക്കോട്ടും' പാടിയകലുന്നുവോ പക്ഷി.
അങ്ങകലെ, രക്തബന്ധത്തിന്‍ നെരുപ്പോടിൽ
തേങ്ങലോ അതോ സ്നേഹമോ എരിഞ്ഞിടുന്നു
എത്ര കാലമീ യന്ത്രസമാനജീവിത-
മെത്രദൈർഘ്യം ദുരിതപാതകളീഭുവിൽ.
ദൂരമേറെയലഞ്ഞ നഗരദിനരാത്രങ്ങളിൽ
ഭാരമായിത്തീർന്ന ജീവിതസ്വപ്നങ്ങൾ
നഗര ജീവതത്തിലത്രയും വൈദ്യുതശകട
സഞ്ചാരത്തിന്നുഴിഞ്ഞു വച്ച നാളുകൾ
മോഹങ്ങൾ മോഹഭംഗങ്ങളത്രയും
മനസ്സിൽ ശലഭങ്ങൾകൊഴിഞ്ഞ സായന്തനം
കലാസായൂജ്യ നാളുകളത്രയുംകലാപനാളുകൾ
കരളിൽ ഭീതിപടർത്തിയാടിയ ചാവേറുകൾ
ഉഗ്ര ശേഷിയാം മരണവിസ്ഫോടനങ്ങൾ
ഉഗ്രരാം ഭീകരവിളയാട്ട പർവങ്ങൾ.
കത്തിയെരിഞ്ഞ ചേരികൾ പച്ചമാംസങ്ങൾ
കരലളിയിപ്പിക്കുമാതിലേറെശേഷിപ്പുകൾ.
എത്രയോ പ്രണയസന്ധ്യകൾ ,നഗര -
മത്രയും ഒഴുക്കിയ പ്രളയദുരിതനാളുകൾ.
പോറ്റമ്മയാം നഗരമേ നന്ദിചൊല്ലോണോ
പെറ്റമ്മയ്ക്കായ് ശാപവാക്കുകൾ കുറിക്കണോ ?
ജീവിതം തുടരട്ടെയീയാകുലസഞ്ചാരഭുമിയിൽ
ജാലകപഴുതിൽ വിരിയുന്ന വിഷുക്കണിക്കാഴ്ചയിൽ
ഇനിവരും വരാതിരിക്കില്ലെനിക്കന്യമാം
സ്വപ്നങ്ങൾ ഒന്നിനൊന്നു മധുരദീപ്തമാം
മനസ്സിന്നുത്സവമേകും നല്ലനാളുകൾ.

No comments:

Post a Comment